Friday, 1 February 2013


കുറച്ചു നാള്‍ മുന്‍പൊരു ചാനല്‍ ചര്‍ച്ചയില്‍ അഭിനവഭാരത 'വാക്ഭടന്‍' ശ്രീമാന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു,'നമ്മള്‍ രണ്ട് എക്സ്റ്റ്രീമുകളിലേക്കും പോകരുത്. അന്ധവിശ്വാസിയും ആകരുത്, അന്ധഅവിശ്വാസിയും ആകരുത്."

ഈ അന്ധ അവിശ്വാസി എന്ന പ്രയോഗം കൊണ്ട് ടിയാന്‍ എന്തായിരിക്കാം ഉദ്ദേശിച്ചത്? ദൈവത്തിന്‍റെ തെളിവുകള്‍ കണ്ടിട്ടും അവിശ്വാസിയായി തുടരുന്നവനാണോ ഈ 'അന്ധ അവിശ്വാസി'? അങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമോ?            

ഞാനൊരു അവിശ്വാസിയാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അങ്ങനെ ആയതല്ല, വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രക്രിയയുടെ പരിണിതഫലമായിരുന്നു അത്.  

എന്‍റെ യു.പി സ്കൂള്‍ കാലഘട്ടം മുതല്‍ ഞാന്‍ സന്ദേഹിയായിരുന്നു. അതിനു മുന്‍പുവരെ വിശ്വാസിയും. ദൈവാസ്തിത്വത്തെ സംശയിച്ചതില്‍ കുറ്റബോധം കൊണ്ട് നീറിയ ബാല്യത്തിന്‍റെ അവ്യക്തമായ ഓര്‍മ്മകള്‍ എന്നില്‍ ഇപ്പോഴുമുണ്ട്.  

ഞാനൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. അങ്ങനെ ഞാനൊരു ഹിന്ദുവായി. ചെറുപ്പത്തില്‍ വലിയ ആവേശത്തോടെ ജയ്‌ ഹനുമാന്‍, ഓം നമ ശിവായ സീരിയലുകളൊക്കെ മുടങ്ങാതെ കാണുമായിരുന്നു. പിന്നീട് ശക്തിമാനും സൂപ്പര്‍മാനും സ്പൈഡര്‍മാനുമൊക്കെ കണ്ടുതുടങ്ങിയപ്പോഴാണ് അവയും ഇവയും തമ്മിലുള്ള അസാധാരണമായ സാമ്യം ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത്. എന്താ വ്യത്യാസം?      

അടുത്ത സ്റ്റെപ്പ് 'പരകായപ്രവേശ'മായിരുന്നു. ഒരു മുസ്ലീമിന്‍റെയും ക്രിസ്ത്യാനിയുടെയും ശരീരത്തിലേക്ക് ഞാനെന്‍റെ ആത്മാവിനെ സന്നിവേശിപ്പിച്ചു. എന്‍റെ വിശ്വാസങ്ങള്‍ ഓരോ ശരീരത്തോടൊപ്പവും മാറിമറിയുന്നത് ഞാന്‍ കണ്ടു. അതിലേറെ അത്ഭുതം ഈ വിശ്വാസങ്ങളെല്ലാം തന്നെ അപ്പോഴെല്ലാം സത്യമായിരുന്നു എന്നുള്ളതാണ്!.  

യേശുക്രിസ്തു വെള്ളത്തിനുമുകളിലൂടെ നടന്നു. ഹനുമാന്‍ വെള്ളത്തിനുമുകളിലൂടെ പറന്നു. എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ക്ക് ഇതില്‍ ഒന്ന് വിശ്വസിക്കാമെങ്കില്‍ മറ്റേത് എന്തുകൊണ്ട് വിശ്വസിച്ചുകൂടാ? ഒന്നുകില്‍ രണ്ടും സത്യമാകാം, അല്ലെങ്കില്‍ രണ്ടും നുണ. ഇതില്‍ ഒന്ന് സത്യവും മറ്റേത്  നുണയുമാകുമോ?            

ഒടുവില്‍ എന്നെ ഇന്നുകാണുന്ന ഞാനാക്കിയ ആ കിടിലന്‍ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. "സത്യം ആപേക്ഷികമാകുമോ?". തുടര്‍ന്നങ്ങോട്ട് സാര്‍വത്രികമായ ഒരു സത്യത്തിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു.  

ഓഷോയാണ് ദൈവമില്ലാത്ത ഒരു ലോകത്തിന്‍റെ സാധ്യതകള്‍ എനിക്ക് മുന്നില്‍ ആദ്യമായി തുറന്നിട്ടത്. യുക്തിഭദ്രമായ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളിലൂടെ എനിക്ക് വെളിച്ചമായി. പിന്നീട് കൃഷ്ണമൂര്‍ത്തി, നീഷേ, റസ്സല്‍, തുടങ്ങിയവരുടെ രചനകളും എന്‍റെ യുക്തിചിന്തയുടെ ആഴം കൂട്ടി. രവിസാറിന്‍റെയും ബ്രൈറ്റ് സാറിന്‍റെയും ബ്ലോഗുകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഇതിനിടയില്‍ എന്‍റെ അവിശ്വാസത്തിന് ഇടിവ് തട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. എന്‍റെ ഒരു സുഹൃത്ത് അവന്‍റെ ജീവിതാനുഭവം എന്നോട് പങ്കുവയ്ക്കുകയുണ്ടായി. അവന്‍ ഒരു ഹിന്ദുവായിരുന്നു, അവന്‍റെ അനുഭവം അവനെ ക്രിസ്ത്യാനിയാക്കി. എന്നെ ഒത്തിരി ചിന്തിപ്പിച്ച ഒരു സംഭവമായിരുന്നു അത്? ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല.!!!        

 ആ ഒരു ഹാങ്ങ്‌ഓവറില്‍ നിന്ന് ഞാന്‍ മുക്തനായത് മഞ്ഞളരുവിയിലും കട്ടച്ചിറയിലും സഭ 'മാതാവിനെ കരയിച്ചത്' വായിച്ചറിഞ്ഞാണ്. അതുപോലെ കുരിശില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ ഒഴുക്കിയും പ്രതിമയുടെ കാലിലൂടെ വെള്ളം ഒഴുക്കിയും അവര്‍ ദിവ്യാത്ഭുതങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇന്നൊരു ക്രിസ്ത്യാനിയാകുമായിരുന്നേനെ. അത്ഭുതങ്ങള്‍ സത്യത്തില്‍ സംഭവിക്കുമെങ്കില്‍ പിന്നെന്തിന് അവ കൃത്രിമമായി ഉണ്ടാക്കിയെടുക്കണം? തുടര്‍ന്നുണ്ടായ ബൈബിള്‍ വായനയും എന്‍റെ അവിശ്വാസം ശക്തിപ്പെടുത്തുന്നതായിരുന്നു.          

ഓഷോ പറഞ്ഞൊരു കഥയുണ്ട്. ഒരു അക്വേറിയത്തിലെ രണ്ടു മീനുകളിലൊന്ന് ഒരു സുപ്രഭാതത്തില്‍ മറ്റേ മീനിനോടു പറഞ്ഞു,"ഡേയ്, ഞാനൊരു നിരീശ്വരവാദിയായി!"

"കൊള്ളാം. നല്ലതുതന്നെ. പക്ഷെ ഞാനൊന്ന് ചോദിക്കട്ടെ സുഹൃത്തെ? ദൈവമില്ലെങ്കില്‍ പിന്നാരാണ്‌ ഇന്നലെ ഈ അക്വേറിയത്തിലെ വെള്ളം മാറ്റിയത്?" എന്നായിരുന്നു അപരന്‍റെ മറുപടി"          

നമുക്ക് രാഹുല്‍ പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചുവരാം. അന്ധഅവിശ്വാസി എന്നാല്‍ ആരാണ്? ദൈവാസ്തിത്വം തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടും അവ നിഷേധിച്ച് അവിശ്വാസിയായി തുടരുന്നവനോ? അത്രയ്ക്കും ചങ്കൂറ്റമുള്ള  ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല. ദൈവം ഉണ്ടെന്നുള്ളതിന് വ്യക്തമായ തെളിവ് ഇന്നുവരെ ഞാന്‍ കാണാത്തതിനാലാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തത്.  

ദൈവാസ്തിത്വം തെളിയിക്കുന്ന തെളിവുകള്‍ എന്ന രീതിയില്‍ വിശ്വാസികള്‍ തട്ടിവിടാറുള്ള കാര്യങ്ങള്‍ നേരത്തെ നമ്മുടെ കഥയിലെ അപരമീന്‍ തട്ടിവിട്ടതുപോലുള്ള ഊഹാപോഹങ്ങളാണ്."ഈ പ്രപഞ്ചം ആരാണ് ഉണ്ടാക്കിയത്? മനുഷ്യനെ ആരാണ് ഉണ്ടാക്കിയത്? ആരാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്? ...." അവര്‍ക്ക് അതിന്‍റെയൊന്നും ഉത്തരം അറിയില്ല. അവരുടെ അറിവില്ലായ്മയെ അവര്‍ ദൈവം എന്ന പേര് ചൊല്ലിവിളിക്കുന്നു.  എനിക്ക് അറിയാത്ത കാര്യങ്ങള്‍ എനിക്ക് അറിയാമ്പാടില്ല എന്ന് ഞാന്‍ തുറന്നു പറയും. അതാണ്‌ സത്യസന്ധത എന്ന് ഞാന്‍ വിശ്വസിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അറിവില്ലായ്മ ആഭരണമാക്കി അതിനെ ആഘോഷിക്കാന്‍ എന്തായാലും ഞാനില്ല.

ഒരു നാസ്തികനായതിനാല്‍ ലോകം മുഴുവന്‍ എന്നെ വെറുത്തേക്കാം. പക്ഷെ എനിക്കൊരിക്കലും എന്നെ വെറുക്കാന്‍ കഴിയില്ല. എന്‍റെ മനസ്സാക്ഷിയുടെ കോടതിയില്‍ ഞാന്‍ തെറ്റുകാരനല്ല. ദൈവം എന്നൊന്നുണ്ടെങ്കില്‍, അയാള്‍ നീതിമാനാണെങ്കില്‍ അയാള്‍ക്കൊരിക്കലും എന്നെ നരകത്തിലിട്ടു പൊരിക്കാന്‍ കഴിയില്ല.ഞാന്‍ ചെയ്ത തെറ്റ് എന്താണ് ? തെളിവില്ലാത്ത കാര്യത്തില്‍ വിശ്വസിക്കാതിരിക്കുന്നതോ? തെളിവില്ലാത്ത കാര്യം വിശ്വസിക്കാന്‍ എന്‍റെ തലയ്ക്കെന്താ വെളിവില്ലാതിരിക്കുകയാണോ?                          

5 comments:

  1. ദൈവം എന്നൊന്നുണ്ടെങ്കില്‍, അയാള്‍ നീതിമാനാണെങ്കില്‍ അയാള്‍ക്കൊരിക്കലും എന്നെ നരകത്തിലിട്ടു പൊരിക്കാന്‍ കഴിയില്ല.ഞാന്‍ ചെയ്ത തെറ്റ് എന്താണ് ? തെളിവില്ലാത്ത കാര്യത്തില്‍ വിശ്വസിക്കാതിരിക്കുന്നതോ? തെളിവില്ലാത്ത കാര്യം വിശ്വസിക്കാന്‍ എന്‍റെ തലയ്ക്കെന്താ വെളിവില്ലാതിരിക്കുകയാണോ?>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>ഒരു സന്ദേഹം ഒളിഞ്ഞിരിപ്പുണ്ട് ഈ വരികളില ..ഒരു അഗ്നോസ്റിക് ന്റെ ദിപ്ലോമസി ഫീൽ ചെയ്യുന്നു

    ReplyDelete
  2. എനിക്ക് അറിയാത്ത കാര്യങ്ങള്‍ എനിക്ക് അറിയാമ്പാടില്ല എന്ന് ഞാന്‍ തുറന്നു പറയും. അതാണ്‌ സത്യസന്ധത എന്ന് ഞാന്‍ വിശ്വസിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അറിവില്ലായ്മ ആഭരണമാക്കി അതിനെ ആഘോഷിക്കാന്‍ എന്തായാലും ഞാനില്ല. ഹഹഹ അത് കലക്കി അങ്ങനെ പാടൂ മാഷേ

    ReplyDelete

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »