Tuesday, 14 May 2013
ന ജായതേ മ്രിയതേ വാ കദാചിന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയ:
അജോനിത്യ: ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.
(ഭഗവത് ഗീത 2:20)

മനസ്സിലായോ? ആത്മാവ് ഒരിയ്ക്കലും ജനിയ്ക്കുന്നുമില്ല, മരിയ്ക്കുന്നുമില്ല, ഉണ്ടായിട്ട് പിന്നെ ഇല്ലാതെയാകുന്നുമില്ല. അത് ജനനമില്ലാത്തവനും നിത്യനും എന്നെന്നുമുള്ളവനും പുരാണനും ഈ ശരീരം നശിച്ചാലും നശിക്കാത്തവനുമാകുന്നു.    

ഗീത തുടരുന്നു...

നൈനം ചിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവക:
ന ചൈനം ക്ലെദയന്ത്യാപോ ന ശോഷയതി മാരുത:
(ഭഗവത് ഗീത 2:23)  

ഈ ആത്മാവിനെ ആയുധങ്ങൾക്ക് ഛേദിക്കുവാനും അഗ്നിക്ക് ദഹിപ്പിക്കുവാനും ജലത്തിന് നനയ്ക്കുവാനും വായുവിനു ചുരുക്കുവാനും കഴിയുന്നതല്ല.

ആത്മാവിലുള്ള വിശ്വാസം സാർവ്വലൗകികമാണ്. മനസ്സും  ശരീരവും രണ്ടാണെന്നുള്ള ദിത്വബോധമാണ് ഈയൊരു മിഥ്യാബോധത്തിൽ നമ്മെ തളച്ചിടുന്നത്. അതിൽ പക്ഷെ അസ്വാഭാവികമായി യാതൊന്നുമില്ല. മനസ്സും ശരീരവും രണ്ടാണെന്ന് നമുക്ക് തോന്നിയില്ലെങ്കിലേ അതിൽ ആശ്ചര്യപ്പെടേണ്ടതുള്ളൂ കാരണം ആ 'തോന്നൽ' നമുക്ക് ജന്മസിദ്ധമാണ് എന്നതുതന്നെ.

സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവബോധം നമ്മിൽ സൃഷ്ടിക്കപ്പെടുന്നത് നമ്മുടെ തലച്ചോറിന്റെ Lateral Cortex-ലാണ്. കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ എല്ലാം നാം തിരിച്ചറിയുന്നത് ഇവിടെ വച്ചാണ്. അതേ സമയം Medial Frontal Cortex എന്ന ഭാഗത്താണ് നമ്മുടെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, വൈകാരിക അവസ്ഥകൾ, ആത്മപരിശോധന ഇവയൊക്കെ രൂപമെടുക്കുന്നത്. ഇതേ ഭാഗം കൊണ്ടുതന്നെയാണ് അന്യരുടെ മനസ്സുകളെക്കുറിച്ച് നാം ചിന്തിയ്ക്കുന്നതും. ഇങ്ങനെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി മസ്തിഷ്കത്തിൽ മനസ്സും ശരീരവും 'കുടികൊള്ളു'ന്നതിനാലാണ് അവ രണ്ടെന്ന മിഥ്യാബോധം നമ്മിൽ സഹജമായ ഒന്നാകുന്നത്. ആത്മാവിലുള്ള വിശ്വാസം മതം അല്ലെങ്കിൽ സമൂഹം അടിച്ചേൽപിക്കുന്നതല്ല, മറിച്ച് അത് തികച്ചും സ്വാഭാവികമാണ് എന്നാണു പറഞ്ഞുവരുന്നത്. മതം അതിനെ മുതലെടുക്കുന്നു എന്ന കുറ്റം മാത്രമേ ചെയ്യുന്നുള്ളൂ.  

ആത്മാവിനെ സംബന്ധിക്കുന്ന കൂടുതൽ മനശ്ശാസ്ത്ര-ജൈവശാസ്ത്ര വിശദീകരണങ്ങൾക്ക് താഴെയുള്ള ലിങ്ക് കാണുക.

http://russelsteapot.blogspot.in/2011/07/blog-post.html

മനസ്സും ശരീരവും രണ്ടല്ല എന്നെങ്ങനെ ഉറപ്പിച്ച് പറയുവാൻ  കഴിയും? ശാസ്ത്രം എങ്ങിനെയാണ് ആത്മാവിനെ നിർജ്ജീവമാക്കുന്നത്? നമുക്ക് നോക്കാം.  

പ്രധാനമായും മൂന്നു ശാസ്ത്രശാഖകളാണ് ആത്മാവിനെ കൊല്ലാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നമുക്കവ ഓരോന്നായി പരിചയപ്പെടാം.

ആദ്യത്തേതാണ് cognitive Neuroscience. നമ്മുടെ ചിന്തകൾ, വികാരങ്ങൾ, അവബോധം തുടങ്ങിയവയെ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ശാസ്ത്രശാഖയാണിത്. മനസ്സ് എന്നത് ഭൌതികലോകത്തിൽ നിലനില്ക്കുന്ന ഒരു Entity ആണെന്നും കാര്യകാരണസംബന്ധിയായ ഒരു ശൃംഗലയുടെ കണ്ണിയാണ് അതെന്നും തെളിയിക്കുന്ന ഒത്തിരി തെളിവുകളുണ്ട്. നമ്മുടെ തലച്ചോറിന്റെ ഏതെങ്കിലും ഭാഗം രക്തം കട്ടപിടിയ്ക്കുന്നതുകൊണ്ടോ ഇരുട്ടടി കിട്ടുന്നതുകൊണ്ടോ മറ്റോ നശിച്ചുപോകുന്നെന്നു  കരുതുക,  പ്രസ്തുത ഭാഗം പ്രതിനിധാനം ചെയ്തിരുന്ന പ്രത്യേക കർമങ്ങൾ അല്ലെങ്കിൽ ധർമങ്ങൾ അതോടൊപ്പം നശിച്ചുപോകുന്നു.

ഒരുദാഹരണം. ഫിനെയാസ് ഗെയ്ജ് (Phineas Gage) അമേരിക്കയിലെ ഒരു റെയിൽവേ ഫോർമാൻ ആയിരുന്നു. 1848 സെപ്റ്റംബർ 13 ന് അദ്ദേഹം വെർമോണ്ട് എന്ന സ്ഥലത്ത്  പുതിയ റെയിൽവേ ട്രാക്കിന് വേണ്ടിയുള്ള 'നിലമൊരുക്കു'കയായിരുന്നു. പാറകളിൽ 'ഡ്രിൽ' ചെയ്തെടുത്ത കുഴികളിൽ വെടിമരുന്നുകൾ നിറച്ചിരുന്നു. കേയ്ജ് ഈ കുഴികളിലൊന്നിൽ തന്റെ കയ്യിലിരുന്ന ഇരുമ്പുദണ്ഡ് കൊണ്ട് 'കുത്തിത്തിരിപ്പുണ്ടാക്കി'യതും റോക്കറ്റ് വിട്ടകണക്കെ അത് മുകളിലേക്ക് കുതിച്ചു. കേയ്ജിന്റെ ഇടതുകണ്ണിനു താഴെക്കൂടി തുളച്ചുകയറിയ  ആ ദണ്ഡ് തലച്ചോറുപിളർന്നു മുകളിലെത്തി. ഭാഗ്യവശാൽ കേയ്ജ് മരണപ്പെട്ടില്ല. സുപ്രധാനമായ ഭാഗങ്ങൾ തീർച്ചയായും ആ ദണ്ഡ് 'മിസ്സ്‌' ചെയ്തിരിയ്ക്കണം എന്നാൽ അദ്ദേഹം അവിടുന്നങ്ങോട്ട് പഴയ കേയ്ജ് ആയിരുന്നില്ല. 'കഠിനാദ്ധ്വാനി'യായിരുന്ന കേയ്ജ് 'കുഴിമടിയ'നായി. 'സാമൂഹ്യപ്രതിബദ്ധതയുള്ളവനാ'യിരുന്ന  കേയ്ജ് സമൂഹത്തിനു 'ബാധ്യത'യായിത്തുടങ്ങി. 'വിശ്വസ്തനാ'യിരുന്ന കേയ്ജ് 'നമ്പാൻ കൊള്ളാത്തവ'നായി. ഈയൊരു സംഭവം അദ്ദേഹത്തിന്റെ 'ആത്മാവി'നെ 'രൂപാന്തരപ്പെടുത്തി'യതിൽ വഹിച്ച നിർണ്ണായകമായ പങ്ക് മനസ്സും ശരീരവും തമ്മിൽ കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന സാങ്കല്പികഭിന്നതയ്ക്ക് തുരങ്കം വയ്ക്കുന്നു.                                     

Beta-amyloid എന്നറിയപ്പെടുന്ന പ്രോട്ടീൻ തലച്ചോറിൽ കുമിഞ്ഞുകൂടുന്നത് അൽഷൈമേഴ്സ് രോഗത്തിന് കാരണമാകുന്നതും തന്നിമിത്തം തലച്ചോറിന്റെ 'ഭൌതികവ്യായാമങ്ങൾ' പടിപടിയായി ക്ഷയിക്കുന്നതും അപ്രകാരം  'ആത്മാവ്' ക്രമാനുഗതമായി മരണപ്പെടുന്നതും മറ്റൊരുദാഹരണം.

Positron Emission Tomography, Functional Magnetic Resonance Imaging, Magnetoencephalography തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വികാരങ്ങൾ, വിചാരങ്ങൾ, ധാരണകൾ തുടങ്ങി എല്ലാ തരത്തിലുള്ള മനോവ്യാപാരങ്ങളും അവ ഉദ്പാദിപ്പിയ്ക്കുന്ന വൈദ്ധ്യുത-കാന്തിക സിഗ്നലുകൾ രേഖപ്പെടുത്തുന്നതിലൂടെ വിശകലനം ചെയ്യുവാൻ ഇന്ന് നമുക്ക് സാധിയ്ക്കും.  

ഒരു കത്തിയെടുത്തുവച്ച് തലച്ചോറിന്റെ ഇടതു-വലതു ഹെമിസ്ഫിയറുകളെ ബന്ധിപ്പിച്ചുനിർത്തുന്ന Corpus Callosum  മുറിച്ചുമാറ്റിയാൽ നമുക്ക് ഒന്നിന് പകരം രണ്ട് മനസ്സുകളും അപ്രകാരം രണ്ട് 'ആത്മാവു'കളും ഒരേ തലയോട്ടിയ്ക്കകത്ത് ലഭ്യമാകുമെന്ന വസ്തുതയും നമുക്കിന്ന് അറിയാം!. ആത്മാവ് എന്ന സങ്കൽപം എത്രമാത്രം ശിഥിലമാണ് എന്ന് മനസ്സിലാക്കാൻ ഇത്രയൊക്കെത്തന്നെ ധാരാളം.  

രണ്ടാമത് അങ്കക്കളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് Behavioral Genetics ആണ്. നമ്മുടെ ജനിതകഘടനയിൽ ഒത്തിരി  കാര്യങ്ങൾ നേരത്തെതന്നെ എഴുതപ്പെട്ടിരിയ്ക്കുന്നു എന്നും അപ്രകാരം എഴുതപ്പെട്ടിരിയ്ക്കുന്ന രേഖകൾ അങ്ങേയറ്റം സുവ്യക്തതയുള്ളതാണെന്നും Behavioral Genetics ശക്തിയുക്തം വാദിയ്ക്കുന്നു. Mono-zygotic ഇരട്ടകളിൽ നടന്നിടുള്ള പരീക്ഷണങ്ങൾ ഈ നിരീക്ഷണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു. ഇഴപിരിച്ചെടുത്തതിനു ശേഷവും പ്രസ്തുത ഇരട്ടകൾ അവരുടെ ബുദ്ധിശക്തിയിലും വ്യക്തിത്വത്തിലും പെരുമാറ്റരീതികളിലും അസാധാരണമായ സാദൃശ്യം പ്രകടിപ്പിച്ചു. എന്തിനേറെ പറയുന്നു. വധശിക്ഷയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും സംഗീതം, വസ്ത്രധാരണം തുടങ്ങിയവയോടുള്ള സമീപനങ്ങളും പോലും സവിശേഷമാം വിധം സമാനമായിരുന്നു!.  ബുദ്ധിശക്തി, സ്ഥലകാലബോധം, ചിന്താകുലത തുടങ്ങിയ മനോവ്യാപാരങ്ങളുമായി സമ്മേളിയ്ക്കുന്ന Genetic Marker-കളുടെയും ജീനുകളുടെയും മറ്റു ജനിതക പദാർത്ഥങ്ങളുടെയും കണ്ടുപിടുത്തങ്ങൾക്ക് കഴിഞ്ഞ ദശകത്തിൽ നാം സാക്ഷിയായി. നമ്മുടെ മനസ്സ് അഥവാ ആത്മാവ് മൂർത്തമായ നമ്മുടെ ജീനുകളിൽ കാലേകൂട്ടി എഴുതപ്പെട്ടതെങ്കിൽ അവയെങ്ങനെ ഭൌതികാതീതമാകും?

മൂന്നാമതായി രംഗത്തിറങ്ങുന്നത് Evolutionary Psychology ആണ്. നമ്മുടെ ശരീരാവയവങ്ങൾ രൂപപ്പെടുത്തുന്നതിൽ ജൈവപരിണാമം വഹിച്ച അതേ പങ്ക് നമ്മുടെ  മനസ്സുകൾ  പരുവപ്പെടുത്തിയെടുക്കുന്നതിലും പരിണാമം വഹിയ്ക്കുന്നുണ്ട്. ഓരോ അവയവവും ഇന്ന് കാണുന്ന അവസ്ഥയിൽ രൂപപ്പെട്ടുവന്നതിന് കൃത്യമായ പരിണാമചരിത്രമുള്ളതുപോലെ മാനസികവ്യവഹാരങ്ങളുടെ രൂപീകരണത്തിലും കിറുകൃത്യമായ പരിണാമചരിത്രം നമുക്ക് ദർശിയ്ക്കാം. ഉദാഹരണമായി നന്മ ചെയ്യുവാൻ മനുഷ്യനെ പ്രേരിപ്പിയ്ക്കുന്ന വിവിധങ്ങളായ ഘടകങ്ങളുടെ പരിണാമഹിസ്റ്ററി നമുക്ക് താഴെയുള്ള ലിങ്കിൽ കാണാം.    

http://russelsteapot.blogspot.in/2010/05/blog-post_20.html

പറഞ്ഞുവരുന്നത് നമ്മുടെ തലച്ചോർ ചെയ്യുന്നതെന്തോ അതാണ്‌ നാം (we are what our brain does). മനസ്സ്, ബോധം, ആത്മാവ് തുടങ്ങിയവയെല്ലാം തലച്ചോറുതന്നെ. ആത്മാവ് എന്നത് മനസ്സിനെ ശരീരത്തിന് പുറത്തേയ്ക്കും വലിച്ചുനീട്ടുന്ന മനസ്സ് തന്നെയാണ്. it is just an extended mind. Nothing else. മനസ്സിന് ശരീരത്തിൽ നിന്ന് വ്യതിരിക്തമായ അസ്തിത്വമില്ലെന്നതുപോലെ ആത്മാവിനും അതില്ല.

1 comments:

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »