Thursday, 17 April 2014



വെള്ളത്തിനു മുകളിലൂടെ നടക്കുന്ന ദൈവത്തില്‍ വിശ്വസിക്കാത്ത ചിലരുണ്ട്‌. വെള്ളത്തിനു മുകളിലൂടെ പറക്കുന്ന ദൈവത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌. "ദൈവം വെള്ളത്തിനു മുകളിലൂടെ നടക്കുകയോ??!!! ഹഹഹാ ഹിഹിഹീ ഹുഹുഹൂ" എന്നും പറഞ്ഞ്‌ ആര്‍ത്തട്ടഹസിച്ച്‌ ഇതിലെ രണ്ടാമന്മാര്‍ക്ക്‌ ഒന്നാമന്മാരെ കളിയാക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടായിരിക്കും എന്നു ചിന്തിയ്‌ക്കുന്നവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. 

ഇതിനിടയില്‍ ഒരു ദൈവത്തിലും വിശ്വസിക്കാത്ത തലതിരിഞ്ഞ ചില യുക്തിവാദി അലവലാതികള്‍ ഇരുകൂട്ടരേയും കളിയാക്കി ഫേസ്‌ബുക്കില്‍ പോസ്‌റ്റുകളൊക്കെ എഴുതിക്കൂട്ടി "ഷോ ഓഫ്‌" നടത്തി ഞെളിപിരികൊള്ളുന്നതിനെ അസഹിഷ്‌ണുതയോടെ നോക്കിക്കാണുന്ന ചിലരുണ്ട്‌. തങ്ങള്‍ക്ക്‌ പൈതൃകമായി പകര്‍ന്നു കിട്ടിയതായി അവരവര്‍ തന്നെ കരുതിപ്പോരുന്ന സാങ്കല്‍പികമായ ബൗദ്ധികപക്വതയെ വകവെച്ചുതരാതെ ആളെ കൊച്ചാക്കുന്ന തരത്തില്‍ ഒരുമാതിരി ഊളപ്പോസ്‌റ്റുകളുമിട്ട്‌ 'കൈകൊട്ടിച്ചിരിക്കുന്ന' ഇവന്മാരുടെ താന്തോന്നിത്തരം അസഹിഷ്‌ണുതയ്‌ക്കു വകനല്‍കുന്നതിനെ കുറ്റം പറയാനൊക്കില്ല. കാര്‍ട്ടൂണ്‍ കണ്ടാലും സിനിമ കണ്ടാലും ചോദ്യപ്പേപ്പറു കണ്ടാലും അസഹിഷ്‌ണുത തോന്നാമെങ്കില്‍ ഒരു ഫേസ്‌ബുക്ക്‌ പോസ്‌റ്റുകണ്ടാലും അസഹിഷ്‌ണുതയാകാം എന്നു ചിന്തിയ്‌ക്കുന്നവര്‍ക്കും ദൃഷ്ടാന്തമുണ്ട്‌.

ചെവിയില്‍ ചെമ്പരത്തിപ്പൂ തിരുകി നടക്കുന്നവര്‍ക്ക്‌ റോസാപ്പൂ തിരുകിനടക്കുന്നവരുമായി 'മതസൗഹാര്‍ദം' പടുത്തുയര്‍ത്താന്‍ തോന്നുന്നത്‌ സ്വാഭാവികമാണ്‌. നേരെ തിരിച്ചും. അതുപക്ഷെ ഇരുകൂട്ടരുടേയും ഔദാര്യമല്ല, മറിച്ച്‌ ഗതികേടാണ്‌. ഈ ഗതികേടിന്റെ വിഴുപ്പുഭാണ്ഡം ചുമന്നുനടക്കേണ്ട ഗതികേട്‌ നിരീശ്വരവാദികള്‍ക്കില്ല!. അവരുടെ 'ഷോ ഓഫ്‌' ഈ ഗതികേടില്ലായ്‌മയുടെ പ്രതിഫലനമായി കണ്ടാല്‍ മതിയാകും. തീരെ സഹിക്കുന്നില്ലെങ്കില്‍ Itch Guard പരീക്ഷിക്കാം.

എന്തായാലും കളിയാക്കുകയാണ്‌. എങ്കില്‍ പിന്നെ നിനക്കിത്തിരി മാന്യതയോടെ കളിയാക്കിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്‌. ശ്രേഷ്‌ഠഭാഷയിലൂന്നിയ മതവിമര്‍ശനത്തിന്റെ സാധ്യതകളെപ്പറ്റി ചിന്തിച്ചുചിന്തിച്ച്‌ തലപുണ്ണാക്കുന്ന യുക്തിവാദി സുഹൃത്തുക്കളുമുണ്ട്‌.

പാലില്‍ തേനൊഴിച്ചു കൊടുത്താലും കുടിക്കണമെന്നുള്ളവനേ കുടിയ്‌ക്കൂ എന്നു കരുതുന്നവനാണ്‌ ഞാന്‍. അങ്ങനെ കുടിയ്‌ക്കാന്‍ സാദ്ധ്യതയുള്ളവന്‌ പാലില്‍ തേനൊഴിച്ചു കൊടുക്കണമെന്നു നിര്‍ബന്ധമൊന്നുമില്ലെന്നും ഞാന്‍ കരുതുന്നു. പാലും തേനും ഒലിപ്പിച്ചു കൊടുത്താല്‍ ഇവന്മാര്‍ വട്ടം കൂടിവന്ന്‌ നക്കിനക്കിക്കുടിക്കുമെന്ന്‌ യുക്തിയുക്തമായി ചിന്തിച്ചുകൂട്ടാന്‍ നമുക്ക്‌ ബുദ്ധിമുട്ടൊന്നുമുണ്ടാകുകയില്ലെങ്കിലും അങ്ങനെ സംഭവിയ്‌ക്കും എന്നതിനു തെളിവൊന്നുമില്ല. ചുരുങ്ങിയപക്ഷം എന്റെ അറിവില്‍ ഇല്ല.

ഒരര്‍ത്ഥത്തില്‍ ഈ 'ഇമോഷണല്‍ ജിഹാദ്‌' അവരുടെ ബുദ്ധിശക്തിയെ പരിഹസിക്കലാണ്‌. വികാരങ്ങളെ വിചാരങ്ങള്‍ക്കു വഴിമാറ്റുവാനുള്ള പക്വതയാര്‍ജിക്കാത്തവര്‍ക്കു ചെയ്‌തുകൊടുക്കുന്ന ഔദാര്യമായി മാറുമത്‌. തുരുതുരാ പാലും തേനും ഒലിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ഒരുപക്ഷെ വിപരീതഫലം ചെയ്‌തെന്നുമിരിയ്‌ക്കും. തങ്ങളുടെ ചക്കരവിശ്വാസങ്ങള്‍ അതിനുമാത്രം അപഹാസ്യമല്ലെന്ന തെറ്റിദ്ധാരണ പകര്‍ന്നുനല്‍കുവാന്‍ അതിനു കഴിഞ്ഞേക്കും.

0 comments:

Post a Comment

Popular Posts

My Bookshelf

Mridhul's bookshelf: read

Freakonomics: A Rogue Economist Explores the Hidden Side of Everything
The Blank Slate: The Modern Denial of Human Nature
The Emerging Mind: Reith lectures 2003
The Extended Phenotype: The Long Reach of the Gene
The Science of Good and Evil: Why People Cheat, Gossip, Care, Share, and Follow the Golden Rule
Autobiography of a Spiritually Incorrect Mystic
In Search of Schrödinger's Cat: Quantum Physics and Reality
Tao Te Ching: A New English Version
Fashionable Nonsense: Postmodern Intellectuals' Abuse of Science
Politically Correct Bedtime Stories
Why We Love: The Nature and Chemistry of Romantic Love
The Dhammapada: The Sayings of the Buddha
Thus Spake Zarathustra
The Demon-Haunted World: Science as a Candle in the Dark
The Book Of Nothing
The Mating Mind: How Sexual Choice Shaped the Evolution of Human Nature
Nature Via Nurture: Genes, Experience and What Makes Us Human
The Brain That Changes Itself: Stories of Personal Triumph from the Frontiers of Brain Science
Letter to a Christian Nation
To Be Human


Mridhul Sivadas's favorite books »